Saturday, January 4, 2020

ചിതലെടുക്കുന്ന ഓർമ്മകൾ
******** ****** ****** **** ***

ഇരുട്ട് കനം വെച്ച വരാന്തയുടെ അങ്ങേയറ്റത്തെ മുറിയുടെ വാതിൽ കാറ്റിൽ വലിയ ശബ്ദത്തോടെ ഒന്നു തുറന്നടഞ്ഞതും, അത് വരെ ഏതോ കണക്ക്ക്കൂട്ടലുകളുടെ ലോകത്തായിരുന്ന ഞാൻ ഞെട്ടി വിറച്ചു പോയി...

വല്ലാത്തൊരു പേടിയോടെ ആ വാതിൽ ധൃതിപ്പെട്ട് പൂട്ടി കിടക്കയിലേക്ക് തിരിച്ചെത്തി തളർന്നിരിക്കുമ്പോൾ എന്തിനെന്നറിയാതെ എന്റെ ഹൃദയം കനം വെക്കുകയും, കണ്ണുകൾ ഇറുകിയടയുകയും ചെയ്യുന്നുണ്ടായിരുന്നു.

ഇന്നലെ ഡോക്ടർ ഗിരിജയുടെ മുറിയിൽ ഇരിക്കുമ്പോൾ, ഇവിടെ ഈ മുറിയിൽ, കുറച്ചു ദിവസത്തേക്ക്, തന്നെ പേഷ്യന്റ് ആക്കുമെന്നു കരുതിയിരുന്നതേയില്ല..

പ്രിയ, കുറച്ചു ദിവസങ്ങൾ നമുക്ക്‌ ഇവിടൊന്ന് കൂടിയാലോ എന്ന ചോദ്യത്തിനും ആധിയെ മറച്ചു പിടിച്ച എന്നത്തേയും ആ നരച്ച ചിരിയായിരുന്നു എന്റെ മറുപടി.

കൈയിലെ പേഴ്‌സിനെ ചുരുട്ടിയും നിവർത്തിയും വെപ്രാളത്തോടെ ഡോക്ടറുടെ റൂമിൽ നിന്നും ഇറങ്ങുമ്പോൾ തന്റെ കൂടെ വന്ന ദേവിചേച്ചി ഓടി അടുത്തെത്തിയിരുന്നു.

"എന്നാൽ ദേവിച്ചേച്ചി പൊയ്ക്കോളൂ.. ഇവിടെ കുറച്ചു ദിവസം കെടക്കണം ന്നാ ഡോക്ടർ പറഞ്ഞത്.."

"ഞാൻ വേണെങ്കിൽ കൂടെ നിക്കാം. ഇവിടെ എന്തെങ്കിലും ആവശ്യം ണ്ടായാലോ.."

"ഇല്ല. ഇവിടെ നമുക്ക് അറിയാത്തത് ഒന്ന്വല്ലല്ലോ.. ഞാൻ മതി."

അവരോട് പോയിക്കൊള്ളാൻ പറഞ്ഞു യാത്രചിലവും കൊടുത്തു തിരിച്ചയക്കുമ്പോൾ വരാൻ പോകുന്ന ഏകാന്തത കണ്ണിലേക്ക് ഇരച്ചു കയറുന്നുണ്ടായിരുന്നു..

അറ്റൻഡർ കാണിച്ചു തന്ന ഈ റൂമിലേക്ക് കയറുമ്പോൾ ഇതേ മുറിയിൽ മുന്നേ വന്നു, പടിയിറങ്ങി പോയവരേക്കുറിച്ച് മനസ്സിൽ എന്തുകൊണ്ടോ ഒരു തോന്നൽ വന്നു..

ഒടുവിൽ താനും ഒരു രോഗിയായി മാറുകയാണോ. ആവും. മറവികൾ തന്നെ കാർന്നു തിന്നാൻ തുടങ്ങിയെന്ന തോന്നൽ ആണല്ലോ തന്നെ ഇവിടെ എത്തിച്ചത്.

"ഒരു സാധനവും വെച്ചാ വെച്ചിടത്ത് കാണില്ല!"
താൻ തന്നോട് തന്നെ പറഞ്ഞ ആ പറച്ചിൽ തന്നെ ആയിരുന്നു തന്റെ ആദ്യത്തെ മറവി ലക്ഷണം. അടുക്കളയിൽ നിന്നും മുറ്റത്തേക്കും അവിടുന്നു തിരിച്ചും, പിന്നെ രാവിലെ ഇറങ്ങി, രാത്രി മാത്രം കയറുന്ന ബെഡ്റൂമിലേക്കുമുള്ള നടത്തത്തിനും ഓട്ടത്തിനും ഇടയിൽ താൻ എന്തൊക്കെയോ കുഞ്ഞു കാര്യങ്ങൾ മറക്കുന്നു എന്നത് അപ്രസക്തമായിപ്പോയിരുന്നു.

ഉപ്പുകൾ പഞ്ചസാരകൾ ആയപ്പോഴും, എടുക്കാൻ വന്ന സാധനങ്ങൾ മറന്നു അതിന്റെ മുന്നിൽ ഓർത്തു നിന്നപ്പോഴും, ഉറക്കത്തിൽ പോലും തെറ്റിയിട്ടില്ലാത്ത ഫോൺ നമ്പർ എത്ര തവണ തെറ്റിപറഞ്ഞപ്പോഴും എന്നിലെ ഓർമ്മയ്ക്കുമേൽ മറവികൾ ഇഴഞ്ഞു കയറുന്നത് മനസ്സിലാകുന്നുണ്ടായില്ല...

പതിയെ പതിയെ, ഒരു പച്ചിലയിൽ നേർത്ത മഞ്ഞ നിറം പടരുന്നത് ചിലപ്പോൾ ചില്ലപോലും അറിയില്ല. കൊഴിഞ്ഞു വീഴുമ്പോൾ മാത്രമായിരിക്കും ഇനിയില്ലെന്നുള്ള ബോധ്യം വന്നു ചേരുക...

പ്രായം മുപ്പത്തഞ്ചിൽ നിന്നും നാല്പത്തഞ്ചിൽ എത്തിയപ്പോഴേക്കും വെള്ളിനൂലുകൾക്കൊപ്പം തലയിൽ മറവി വളരെ ആഴത്തിൽ വേരോടിയിരുന്നു....

മാർക്കറ്റിലേക്കിറങ്ങിയ താൻ എന്തിനാണ് വേറെ എവിടേക്കോ ഉള്ള ആ ബസിൽ കയറിയത് എന്ന് ഒരു തിട്ടവും ഉണ്ടായില്ല...
ദൂരെയേവിടെയോ ചെന്നിറങ്ങി, സ്ഥലമറിയാതെ വിഭ്രമിച്ച് നിന്ന താൻ പെട്ടെന്ന് വന്ന ഒരോർമ്മയിൽ ഞെട്ടി, നിസ്സഹായതയിൽ പൊട്ടിക്കരഞ്ഞു പോയി...

ആരൊക്കെയോ വീട്ടിലെത്തിച്ചതും, അതിനു ശേഷമുണ്ടായ വീട്ടിലെ വഴക്കിൽ കുത്തുവാക്കുകളും അതിന്റെ തുടർച്ചയായി അമ്മയ്ക്ക് വട്ടായോ എന്ന മക്കളുടെ ചോദ്യവും ഇടനേരത്തേക്ക് കാലിലെ ചങ്ങലകളായിരുന്നു.

അനുവാദങ്ങളെ ബലമായി പിടിച്ചു വാങ്ങി, അനിശ്ചിതമായ മടങ്ങിവരവിനെ സൂചിപ്പിച്ച്, അമ്മ വീട്ടിലേക്ക്, തറവാടിന്റെ തണലിലേക്ക് എന്ന് പറഞ്ഞു ഒരു യാത്രയ്ക്കിറങ്ങിയത് ബാക്കിയായ ഓർമകളെയെങ്കിലും ചിതൽ കാർന്നു തിന്നും മുന്നേ സംരക്ഷിക്കണമെന്നുമുള്ള ചിന്ത ശക്തിപ്രാപിച്ചപ്പോളായിരുന്നു...

സാരിത്തുമ്പിനെ ചുറ്റി തെരുപ്പിടിച്ചു നീളൻ കോലായുള്ള വീടിന്റെ മുറ്റത്തേക്ക് കയറുമ്പോൾ, ഏതോ ഓണപ്പാട്ടിന്റെ ഈരടികൾ ഹൃദയത്തിൽ വന്നെത്തി നോക്കുന്നുണ്ടായിരുന്നു. കാടുപിടിച്ചു കിടക്കുന്ന മുറ്റത്തു നിന്നും ഒരു മുക്കുറ്റി പരിചയം കാട്ടി ഒന്നു മിന്നി നിന്നു. മുറ്റത്തിന്റെ അതിരിലെ അതിരാണി ചെടി മക്കളെ പെറ്റു കൂട്ടി വലിയ ഒരു സ്ഥലം സ്വന്തമാക്കിയിരിക്കുന്നു. പായൽ പിടിച്ച കിണറ്റിൻകരയിൽ മഷിതണ്ടുകൾ അനാഥമായി കിടപ്പുണ്ട്.

"കല്ലുപെൻസിലും മഷി തണ്ടും തമ്മിൽ വഴക്കാണ് മാളൂ"

അരികിൽ മനുവിന്റെ ശബ്ദം കേട്ടപോലെ തോന്നി...

ആ ഓർമ്മ എന്തേ മായാത്തതെന്ന് ഓർക്കുമ്പോഴായിരുന്നു ദേവി ചേച്ചി ഓടികിതച്ചു എത്തിയത്.

"അകമൊക്കെ തൂത്തു തുടച്ചു ഇട്ടിട്ടുണ്ടു മോളെ"

താക്കോൽ കൂട്ടം കയ്യിൽ തന്നപ്പോൾ നേർത്ത തണുപ്പുള്ള അവരുടെ വിരൽതുമ്പുകൾ എന്റെ വിരലുകളിൽ തൊട്ടു പിൻവാങ്ങി. ചുളിവുകൾ വീണ ആ കൈകൾകൊണ്ട് എത്രയോ ചോറുരുളകൾ തന്നെ ഊട്ടിയിരിക്കുന്നു... തന്റെ ബാല്യങ്ങളിലെ ഗ്രീഷ്മങ്ങൾക്കപ്പുറം അവർ എന്നും സ്നേഹത്തിന്റെ, വാത്സല്യത്തിന്റെ ഒരു കുടയായിരുന്നു.

അതു കൊണ്ട് തന്നെയാവാം ഞാൻ വരുന്നുണ്ട് എന്നു പറഞ്ഞപ്പോൾ ആദ്യമൊരു തേങ്ങലും പിന്നൊരു ഒരുക്കപ്പാടിന്റെ വെപ്രാളവും ഫോണിന്റെ മറുത്തലയ്ക്കൽ ഉയർന്നത്.

പിന്നീടുള്ള ഓരോ യാത്രകളിലും അവർ ഒപ്പമുണ്ടായിരുന്നു... ഓരോ തവണ ഡോക്ടറെ കണ്ടു മടങ്ങുമ്പോഴും എന്താ മോളെ നിനക്ക് എന്ന ചോദ്യം ആ കണ്ണുകളിൽ ഉണ്ടായിരുന്നു. കണ്ടില്ലെന്നു നടിച്ചു പുറത്തേക്ക് നോട്ടം അയക്കുമ്പോഴും ഈ മുഖവും മനസ്സിൽ നിന്നും മായല്ലേ എന്നു മാത്രമായിരുന്നു ഒരേ പ്രാർത്ഥന...

എന്നും വഴക്കിടുന്ന, പെട്ടെന്ന് ദേഷ്യപ്പെടുന്ന, പെട്ടെന്ന് കരയുന്ന വഴക്കാളി എന്ന, കഴിഞ്ഞ പത്തിരുപത് വർഷമായുള്ള തന്റെ മേൽവിലാസം തന്നിൽ ആഴത്തിൽ വേരോടിയ ഡിപ്രഷൻ  കാരണമാണെന്ന് ഡോക്ടർ പറഞ്ഞപ്പോൾ താൻ ഒട്ടും ഞെട്ടിയില്ല...

ആകാശം മോഹിച്ചവളുടെ ചിറകരിഞ്ഞ ബാല്യത്തിൽ നിന്നും തുടങ്ങി, പ്രണയത്താൽ വിഷം തീണ്ടി നഷ്ടപെടലിന്റെ നോവുകടൽ നീന്തി വന്നവളുടെ കൗമാരവും കടന്ന്, മദ്യത്തിന്റെ പുളിച്ചു തികട്ടൽ കെട്ടിനിന്ന കിടപ്പറകളിൽ ഇല്ലാതായ യൗവനത്തിൽ, ഡിപ്രഷന്റെ വിത്തുകൾ മുളച്ചു തുടങ്ങിയത് ഡോക്ടർ കണ്ടെടുക്കുമ്പോൾ, വിഭ്രാന്തിയാൽ എന്റെ രണ്ടു കൈയും മുടിയിൽ ബലമായി അമർന്നു പോയിരുന്നു. 

ദേവിച്ചേച്ചിയെ പറഞ്ഞു വിട്ട ശേഷം വസ്ത്രങ്ങൾ അടുക്കി പെറുക്കി വെക്കുമ്പോഴായിരുന്നു ജൂനിയർ ഡോക്ടർ ദീപക് കയറി വന്നത്. തന്റെ മകൻ ശ്യാമിന്റെ പ്രായമുണ്ടാകും. വന്നപാടെ പ്രിയാമ്മേ എന്നും വിളിച്ചു ബെഡിനരികിൽ ദീപക് കസേര വലിച്ചിട്ട്‌ ഇരുന്നു...

മകനെ അടുത്തു കിട്ടിയ അമ്മയുടെ സന്തോഷമായിരുന്നു എനിക്കപ്പോൾ. കുറെ വിശേഷങ്ങൾ ചോദിച്ചും പറഞ്ഞും ഇരുന്നപ്പോൾ അതു വരെ അപരിചിതത്വം തോന്നിയ ഇടങ്ങൾ പെട്ടെന്ന് എന്റെ സ്വന്തമായി തോന്നിത്തുടങ്ങി.

ചേർത്തു പിടിക്കാൻ ആരെങ്കിലും ഉണ്ടെങ്കിൽ ഒരു നോവുകളും ഉണ്ടാവില്ലായിരുന്നിരിക്കണം അല്ലേ...

സ്മൃതി നാശം സംഭവിച്ചു തുടങ്ങിയ തലച്ചോറിൽ ആദ്യ വിത്തുകൾ പാകിയ ഡിപ്രഷന് കുറച്ചു മരുന്നുകൾ തന്ന് മകനെപ്പോലെ ആദ്യ മാത്രകൾ കഴിപ്പിച്ച് ദീപക് പോയപ്പൊഴേക്കും അതുവരെ അടക്കി വെച്ചിരുന്ന കണ്ണീർ മടപൊട്ടിയൊഴുകിയ മലവെള്ളപ്പാച്ചിൽ പോലെ ഒഴുകി....

നിറഞ്ഞു തുളുമ്പിയ കണ്ണുകൾക്കു മുന്നിൽ, മറന്നു പോയിത്തുടങ്ങിയ പ്രിയപ്പെട്ടവരുടെ മുഖം ഓർക്കാൻ ശ്രമിച്ച് അവ്യക്തമായ രൂപങ്ങൾക്ക്‌ ജീവൻ നൽകുന്നതിനിടെ ശക്തിയായി കാറ്റിൽ വാതിൽ അടഞ്ഞു വന്നതും ഓർമ്മകളുടെ സ്ഫടിക പാത്രം ഊർന്നു വീഴുകയായിരുന്നു.

ഇനി എന്നിലേക്കൊരു ഓർമ്മയായി ആരുടെ മുഖങ്ങൾ ആകും പടി കടന്നു വരിക... ഏറ്റവും പ്രിയപ്പെട്ടവർ പോലും ഇനി തനിക്ക് അപരിചിതർ ആകുമോ.... തന്റെ മക്കളുടെ മുഖം മറന്നു ഇനി ഏത് ഭൂതകാലത്തിലാകും എന്റെ ഓർമ്മകൾ ജീവിക്കുക.... ഹൃദയം അത്രമേൽ കനം വെക്കുമ്പോൾ, ഓർമ്മകൾ ഊർന്നു വീഴുമ്പോൾ, ഇന്നലെകളിലെ നോവുകൾ ഭ്രാന്തിന്റെ വക്കെത്തെത്തിക്കുമ്പോൾ, ഈ മുറിക്കുള്ളിൽ ഒരു മരണം എന്നെ കൊതിപ്പിക്കുന്നുണ്ട്.....

പുലരാറായിരിക്കുന്നു...

പുറത്തപ്പോൾ കൂട്ടിയും കിഴിച്ചും ഉത്തരങ്ങൾ ശരിയാവാതെ, ഭൂതകാലത്തിലെ ഓർമ്മകളിൽ ശിശുക്കളായ കുറെ മുതിർന്നവർ, ഓർമ്മകൾ നഷ്ടപ്പെട്ട്‌ ഉഴറുന്നുണ്ടായിരുന്നു....




Friday, February 23, 2018

ഭ്രാന്ത് പൂക്കുന്നിടം



ലഹരി തേടി അലയുകയായിരുന്നു. സിറിഞ്ചുകൾ മുറിയിലെ ആരും കാണാത്ത മൂലകളിൽ കുന്നുകൂടി.

അടുത്തൊരു ലഹരിക്ക് പണം തേടി പായുകയായിരുന്നു മനസ്സ്.

വിൽക്കാൻ ഒന്നും ഇല്ല.ഒടുവിലായിരുന്നു കൈകൾ ഉറങ്ങുന്ന അമ്മയുടെ കഴുത്തിലേക്ക് നീണ്ടത്. ഇരുട്ടിൽ ആരെന്നറിയാതെ എതിർത്ത ആ പ്രാണനെ ആ ഇരുട്ടിൽ തന്നെ പറിച്ചെടുത്തു.

ആ ജീവന് പകരം നേടിയത് പകുതി ദിവസം മാത്രം കിട്ടിയ ലഹരി. പിന്നെ ജയിൽവാസം.

ഇരുൾമൂടിയ ജയിലറകളിൽ പിന്നെ പിന്നെ ചെവിയിൽ കേൾക്കാൻ തുടങ്ങിയത്  പ്രാണൻ പറിയുന്ന വേദനയിൽ ഉള്ള മോനെ എന്ന കരച്ചിൽ ആയിരുന്നു. ഒടുക്കം ഒരു ഭ്രാന്തനായി ഭ്രാന്താശുപത്രിയിൽ.

കൗമാരം ലഹരിക്കും യൗവ്വനം തടവറയ്ക്കും ഭ്രാന്തിനുമായി പങ്കുവെക്കപെട്ടപ്പോൾ നഷ്ടമായത് ജീവിതത്തിലെ സ്വർഗ്ഗതുല്യമായ നിമിഷങ്ങൾ ആയിരുന്നു.

ഭ്രാന്തിന്റെ ആഴക്കടൽ നീന്തിക്കയറിയപ്പോൾ ചേർത്തു പിടിക്കാൻ ദൈവത്തിന്റെ മണവാട്ടിമാർ ആയിരുന്നു ഉണ്ടായിരുന്നത്.

ഇന്നീ അഗതിമന്ദിരത്തിൽ കുറെ അമ്മമാർക്ക് മകനാണ്.

ലഹരി കണ്ണുമറച്ചപ്പോൾ പിഴുതെടുത്ത അമ്മയുടെ പ്രാണൻ പൊറുക്കുമോ ഈ ജന്മത്തോട്.അറിയില്ല.  പ്രായശ്ചിത്തം ആവില്ലെങ്കിലും ഇനിയുള്ള ശിഷ്ടജീവിതം ഒരു പിടി നന്മയ്ക്കായി കൊടുക്കണം. അമ്മയ്ക്കായി നൽകാൻ ആവാത്തത് ഇന്നീ അമ്മമാർക്ക് നൽകുകയാണ്.

കണ്ണടയ്ക്കുമ്പോൾ അമ്മയുടെ 'ആദീ' എന്ന നേർത്ത വിളി
പൊറുക്കുക അമ്മേ ഞാനെന്ന മകനോട്..

Sunday, July 30, 2017

കടലാഴങ്ങൾ സാക്ഷി
******************
അന്ന് ആ കടലിനെ ശ്രദ്ധിക്കാൻ എനിക്കായില്ല.. എന്നും വൈകുന്നേരം ഈ കടൽത്തീരത്തു ഞാൻ എത്താറുണ്ട്.. ഏറെ നേരം കടലും ഞാനും മൗന സംഭാഷണത്തിലാവും.. പക്ഷേ ഇന്ന് എന്റെ
കണ്ണുകൾ മറ്റൊരാളെ തിരയുകയായിരുന്നു.
അവളെ..ആ പുളിയിലക്കര മുണ്ട് ചുറ്റി ആ കൽമണ്ഡപത്തിൽ വന്നിരിക്കാറുള്ള ആ പെണ്ണിനെ..
എന്നും വന്നിരിക്കാറുള്ള ഏതോ ഒരു വൈകുന്നേരം ആയിരുന്നു അവൾ കണ്ണിൽ പെട്ടത്..ആരെയും ശ്രദ്ധിക്കാതെ കടലാഴങ്ങൾ കണ്ണിൽ നിറച്ചു ശിലപോലെ അവളുടെ ഇരിപ്പ്..ആദ്യമൊന്നും ശ്രദ്ധിച്ചില്ലെങ്കിലും പിന്നെ പിന്നെ അവളിലായി ശ്രദ്ധ..
ഇരുട്ട് വീഴുമ്പോൾ ആരോ അവളെ എങ്ങോട്ടോ കൂട്ടി കൊണ്ട് പോവുകയും ചെയ്യുന്നു..
അവളെ കാണുംതോറും അവൾ ആരെന്നറിയാൻ ആകാംക്ഷ കൂടി വന്നു.
എന്തും വരട്ടെ എന്ന് കരുതി ചോദിക്കാൻ ആയി ഒരു ദിവസം അവളുടെ അടുത്തെത്തി..
ഒന്ന് ചുമച്ചു ശബ്ദമുണ്ടാക്കി അവളുടെ ശ്രദ്ധ ആകർഷിച്ചു
ഞെട്ടലോടെ ആയിരുന്നു അവൾ തന്നെ നോക്കിയത്. അന്നായിരുന്നു ആ മുഖം തന്റെ മുന്നിൽ വ്യക്തമായത്.
തിളങ്ങുന്ന ഭംഗിയുള്ള കണ്ണുകൾ അതായിരുന്നു തന്നെ ഏറെ ആകർഷിച്ചത്..ശരിക്കും ഒരു സുന്ദരി..
തന്റെ നോട്ടം കണ്ടിട്ടാവണം അവൾ പെട്ടെന്ന് മുഖം തിരിച്ചു. അവളോട് എന്ത് ചോദിച്ചു തുടങ്ങണം എന്നറിയാതെ ഒന്ന് പരുങ്ങി.
അപ്പോഴേക്കും ഏതോ ചെറുപ്പക്കാരൻ വരികയും ഓട്ടോയിൽ കയറി അവൾ പോവുകയും ചെയ്തു.
രാത്രിയിൽ ഒരു പുരുഷൻ വന്നു വിളിക്കുമ്പോൾ ഓട്ടോയിൽ സ്ഥിരം പോവുന്ന ഒരു പെണ്ണ്,അങ്ങനെയുള്ളവൾ ഏതായാലും നല്ല പെണ്ണല്ല. അവളോട് മിണ്ടാൻ പറ്റാത്തത്തിന്റെ ദേഷ്യം അവളിലെ കുറ്റം കണ്ടു പിടിച്ചു സ്വയം തീർക്കാൻ ശ്രമിച്ചു.
പക്ഷേ ഇപ്പൊ കുറച്ചു ദിവസമായി അവളെ കാണാത്തത്. മനസ്സിൽ എന്തോ ഒരു വിങ്ങൽ പോലെ. ആഴ്ചകൾ ആവുന്നു അവളെ കണ്ടിട്ട്.എന്തു പറ്റി അവൾക്..
കടൽ തീരത്തിനു ഭംഗി നഷ്ടമായോ. കാഴ്ചകളിൽ മനസ്സുറക്കുന്നില്ല. മെല്ലെ ബീച്ചിനടുത്തുള്ള കോഫി ഷോപ്പിൽ കയറി. കോഫിയും സ്നാക്ക്സും ഓർഡർ ചെയ്തു ഫോണിലേക്ക് ശ്രദ്ധയൂന്നി. ഇടയ്ക്കെപ്പോഴോ തന്റെ മുന്നിൽ എത്തിയ കോഫി വാങ്ങാൻ മുഖം ഉയർത്തി. കോഫി തന്നു പോയ ആ ആളുടെ മുഖം കണ്ടപ്പോൾ പെട്ടെന്നോർമ്മ വന്നു. ഇല്ല തനിക്ക് തെറ്റു പറ്റിയിട്ടില്ല.ആ മുഖം തന്നെ. എഴുന്നേറ്റ് ആളെ തിരഞ്ഞു ഒടുവിൽ കോഫി ഷോപ്പിന് പുറകു വശത്ത് എത്തി. തന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇന്ന് തന്നെ ഞാൻ അറിയും. മനസ്സിൽ ഉറപ്പിച്ചു
നീല യൂണിഫോം ഇട്ടു നിൽക്കുന്ന ആ ചെറുപ്പക്കാരൻ അയാളെ തന്നെ നോക്കി നിൽക്കുകയായിരുന്നു. അയാളും അവനെ സാകൂതം നോക്കി. മുപ്പത്തി രണ്ടു മുപ്പത്തി മൂന്ന് വയസ്സുണ്ടാവും അവനു. അതിന്റെ പക്വത മുഖത്തു.നേർത്ത മീശയും താടിയും.ഇവൻ ആരാവും അവളുടെ.
"സാറിനു എന്താ അറിയേണ്ടത് മാളുവിനെ കുറിച്ചു"
അവന്റെ ചോദ്യം അയാളെ ചിന്തയിൽ നിന്നും ഉണർത്തി.
"ഓഹ്...അപ്പൊ മാളു , അതാണ് അവളുടെ പേര് അല്ലേ ?"അയാൾ തിരിച്ചു ചോദിച്ചു.
"അല്ല, അതു ഞങ്ങൾ വിളിക്കുന്ന പേരാണ്"
"അവളുടെ പേര് അനൂജ. ദേവകി ടീച്ചറുടെയും വക്കീൽ ഗുമസ്ഥൻ രവിയേട്ടന്റെയും ഒരേ ഒരു മകൾ."
അതും പറഞ്ഞു അവൻ ദൂരെ കടൽത്തിരകളിലേക്ക് നോട്ടം അയച്ചു നിന്നു.
ഇനി എന്തു ചോദിക്കും അവനോടു .
ചോദിക്കാതെ വയ്യല്ലോ
"അവൾ നിങ്ങളുടെ ആരാ...?ഇപ്പൊ അവൾ എവിടെയാണ്.? അവളെ കാണാൻ ഇല്ല കുറെ നാളായിട്ടു, നിങ്ങളല്ലേ അവളെ എന്നും കൂട്ടി കൊണ്ടു പോവാറ്. ?"
എന്റെ നിർത്താതെയുള്ള ചോദ്യം കേട്ടിട്ടാവാം അവൻ ഒന്നു ചിരിച്ചു പിന്നെ കടൽത്തീരത്തേക്ക് നടന്നു പിന്നാലെ ഞാനും
എന്റെ പേര് ജിത്തു. അവൾ, അവൾ എന്റെ ആരുമല്ല, അവൻ പതിയെ പറഞ്ഞു , എന്റെ കൂട്ടുകാരിയാണ്
അവൻ പറഞ്ഞു തുടങ്ങി മാളു എന്ന അവന്റെ കൂട്ടുകാരിയെ കുറിച്ചു....
പ്ലസ് 2 വിന് പഠിക്കുമ്പോൾ ആയിരുന്നു ഞാൻ അവളെ കണ്ടത്. എന്റെ ക്ലാസ്സിലേക്ക് അവൾ വന്നത് എനിക്കിപ്പോഴും ഓർമ്മയുണ്ട് . നെറ്റിയിൽ ചന്ദന കുറിയിട്ട് വലിയ നീളൻ മുടി രണ്ടു ഭാഗവും പിന്നിയിട്ടു കരിമഷി കണ്ണോട് കൂടിയ പെണ്ണ്. ആരോടും അധികം മിണ്ടാത്ത സ്വഭാവം.അവൾ, അവളുടെ കൂട്ടുകാരികൾ അതായിരുന്നു അവളുടെ സ്കൂൾ ലോകം. ക്ലാസ്സിലെയും മറ്റു ക്ലാസ്സിലെയും കുറെ പേർ അവളുടെ ആരാധകന്മാർ ആയി കഴിഞ്ഞിരുന്നു കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ.
ഒരു പിണക്കത്തിൽ നിന്നായിരുന്നു ഞങ്ങളുടെ ചങ്ങാത്തം.അവളുടെ കൂട്ടുകാരിയെ ഞാൻ NCC ക്ലാസ്സിൽ പാലിക്കാത്ത ഡിസ്സിപ്ലിന്റെ കാര്യത്തിൽ വഴക്കു പറഞ്ഞിരുന്നു. ഒരു തെറ്റിദ്ധാരണയുടെ പുറത്തുള്ള ആ പിണക്കം മാറ്റാൻ ആയി പോയപ്പോൾ ആയിരുന്നു ആദ്യമായി മിണ്ടിയത് അവളോട്.
പിന്നെ പിന്നെ അവരുടെ ഗ്യാങ്ങും ഞങ്ങളുടെ ഗ്യാങ്ങും വലിയ ഫ്രണ്ട്സ് ആയി.
അങ്ങനെ വീട്ടിലെ മാളു ഞങ്ങളുടെയും മാളു ആയി. ഇടയ്ക്ക് അവൾ സഹോദരിയായി, അമ്മയെ പോലെ, കൂട്ടുകാരിയെ പോലെ ഒക്കെ ആയി ഞങ്ങളുടെ ജീവിതത്തിൽ നിറഞ്ഞു നിന്നു.
എന്നോടായിരുന്നു കൂട്ടു കൂടുതൽ...
അവളുടെ അച്ഛനും അമ്മയ്ക്കും വലിയ കാര്യമായിരിന്നു ഞങ്ങളെ.
പ്ലസ് 2 കഴിയാറായപ്പോഴായിരുന്നു അവനോടു അവൾക്ക് പ്രണയം തോന്നിയത്.അല്ല അവൻ പിന്നാലെ നടന്നു പ്രണയിപ്പിച്ചത്. ഞങ്ങളും കൂട്ടു നിന്നു ആ നല്ല പ്രണയത്തിന്. കാണാൻ നല്ല രസമായിരുന്നു അവളുടെ പ്രണയം
അവനെ കാത്തു അവൾ ഇരിക്കും ബെഞ്ചിൽ ഒരു സ്പേസ് അവനായി മാറ്റി വെച്ചു കൊണ്ടു.അവൻ അടുത്തു ഇരുന്നാൽ അവളോട്ടു മിണ്ടുകയും ഇല്ല.ഒന്നും മിണ്ടാതെ എന്നാൽ പരസ്പരം അവർ മനസ്സു കൊണ്ടു എന്തൊക്കെയോ മിണ്ടിയിരുന്നു.
ഡിഗ്രി ആയപ്പോൾ അവർ രണ്ടാളും രണ്ടു കോളേജിൽ ആയി.അവൻ പുറത്തു പോയി പഠനം തുടർന്നു, അവൾ നാട്ടിലെ കോളേജിലും. അവന്റെ പ്രണയം അകന്നു പോയിരുന്നു കുറച്ചു കഴിഞ്ഞപ്പോഴേക്കും.പക്ഷെ അവൾ കാത്തിരുന്നു ആറു വർഷക്കാലം നീറി നീറി. ഓരോ തവണ കാണുമ്പോഴും ഞങ്ങളുടെ മാളു തളർന്നു പോവുന്നതായിരുന്നു കണ്ടത്.ചിരിയും കളിയും മറന്നു പോയത് പോലെ.
ഒടുവിൽ അച്ഛന്റെയും അമ്മയുടെയും നിർബന്ധം മറ്റൊരാളുടെ ഭാര്യ ആവുന്നതിൽ കൊണ്ടെത്തിച്ചു. സ്വത്തു മോഹിച്ചു വന്നവൻ എല്ലാം ഇല്ലാതാക്കി,ഒടുവിൽ അവളെയും മോളെയും കൂട്ടി കടപ്പുറത്തെ കുടിലിൽ താമസമാക്കി. പണം തികയാതെ വന്നപ്പോൾ അയാൾക്ക് ഭ്രാന്തായത് പോലെ ആയി.അവളെ ഉപദ്രവിക്കൽ ആയി.
അവളെ ഉപയോഗിച്ചു പണം ഉണ്ടാക്കാൻ നോക്കിയിട്ടും സാധിച്ചില്ല അയാൾക്ക്.
അന്ന് രാത്രി ആയിരുന്നു അത് സംഭവിച്ചത്
പുലർച്ചെ മാളുവിന്റെ അച്ഛന്റെ ഫോൺ വിളിയായിരുന്നു എന്നെ ഉണർത്തിയത്.
"മോനെ ജിത്തു..."
ആ വിളിയിലെ പതർച്ച എന്തോ ഒരു ആപത്തിന്റെ ദുഃസൂചന തന്നു
"എന്താ അങ്കിളേ, ഈ നേരത്തു"
"മോനെ മാളു... മാളു എന്തോ കടുംകൈ ചെയ്തെടാ... നീ ഒന്ന് വരാമോ
എന്റെ കൂടെ."
"ദാ ഞാൻ എത്തി ഇപ്പോ തന്നെ"
വണ്ടി എടുത്തിറങ്ങുമ്പോഴും ചിന്തയിൽ മാളുവായിരുന്നു.
കണ്ടിട്ട് കാലമേറെ ആയി.പക്ഷെ അവളുടെ കാര്യങ്ങൾ അറിയുന്നുണ്ടായിരുന്നു. അവളുടെ അച്ഛൻ വഴി.
സങ്കടം തോന്നിയിരുന്നു അവൾ തന്നെയൊക്കെ മറന്നതോർത്തിട്ടു.
അങ്കിളിനെയും കൂട്ടി അവളുടെ വീട്ടിൽ എത്തുമ്പോൾ കണ്ടത് വിലങ്ങു വെച്ച മാളുവിനെ ആയിരുന്നു.
തലചുറ്റും പോലെ, എന്താ ഉണ്ടായത് എന്നറിയാതെ..
ഓടി ചെന്നു ചോദിക്കാൻ ആഞ്ഞപ്പോൾ ആരോ തടഞ്ഞു. നോക്കുമ്പോൾ അവിടെ നിന്ന ഒരു പൊലീസുക്കാരൻ.
"എന്താ, എന്താ സാർ ഉണ്ടായത്.അവൾ എന്ത് തെറ്റാ ചെയ്തേ...??"
"അവളോ, അവൾ ഭർത്താവിനോടുള്ള ദേഷ്യത്തിനു കുഞ്ഞിനെ തിരയിൽ മുക്കി കൊന്നു, തടയാൻ ചെന്ന അയാളെ വെട്ടാൻ നോക്കി" ഒരു പുച്ഛത്തോടെ പോലീസുകാരൻ പറഞ്ഞു നിർത്തി
"ഇല്ല എന്റെ മോളത് ചെയ്യില്ല, എന്റെ മോളു ഈ ദുരിതം മുഴുവൻ അമ്മു മോൾക്ക് വേണ്ടിയാ സഹിച്ചത്, അവൾ അത് ചെയ്യില്ല" ആ പാവം അച്ഛൻ തളർന്നിരുന്നു
ഞാൻ മാളുവിനടുത്തേക്ക് നടന്നു. നിലത്തു കണ്ണ് താഴ്ത്തി നിൽക്കുന്നു.വല്ലാത്തൊരു ഭാവമായിരുന്നു ആ മുഖത്തു.
ഇവൾ ചെയ്തോ അങ്ങനെ??
ഒരു നൂറു ചോദ്യമായിരുന്നു മനസ്സു നിറയെ അവളെ ആ പോലീസ് ജീപ്പിൽ കയറ്റി കൊണ്ടു പോവുന്നത് കണ്ടപ്പോൾ..
"അപ്പൊ മാളു അവൾ ഒരു കൊലപാതകിയായിരുന്നോ"?
തന്റെ ഉച്ചത്തിലെ ചോദ്യം കേട്ടാവാം ജിത്തു ആ ബെഞ്ചിനടുത്തേക്ക് വന്നിരുന്നത്.
തന്റെ നെഞ്ചിലെ പിടപ്പ് ഇവന് മനസിലായോ..അവൾ തന്റെ മനസിൽ എവിടെയോ ഒരിഷ്ടം ഉണ്ടാക്കിയത് ഇവൻ അറിയതിരിക്കട്ടെ
"നിങ്ങളെ പോലെ ഞാനും അതായിരുന്നു കരുതിയത്" ജിത്തു പറഞ്ഞു തുടങ്ങി
"അന്ന് അവളെ കാണാൻ ജയിലിൽ പോയി, സംസാരിക്കാൻ കൂട്ടാക്കിയില്ല അവൾ.
കുറെ മാസങ്ങൾ അങ്ങനെ കാണാൻ പോയി.
ഒടുവിൽ അവൾ പറഞ്ഞു അന്ന് നടന്നത്.
ആ പാതിരാത്രി അയാൾ, അവളുടെ ഭർത്താവ് കയറി വന്നത് വേറെ ഒരാളെയും കൊണ്ടായിരുന്നു. കൈനിറയെ പണം കിട്ടാൻ അയാൾ കണ്ട എളുപ്പവഴി ഭാര്യയെ വേറെ ഒരാൾക്ക് കാഴ്ച വെക്കുക എന്നതായിരുന്നു. അവൾ എതിർത്തു.കയ്യിൽ കിട്ടിയ വാകത്തി വെച്ചു വെട്ടാൻ നോക്കി.പക്ഷെ ഒരു ചെറിയ മുറിവും കൊണ്ടു അയാൾ രക്ഷപെട്ടു.
അവൾ കുഞ്ഞിനെയും എടുത്ത് ഇറങ്ങി ഓടി. അയാൾ അവളെയും കുഞ്ഞിനെയും ആ തിരയിൽ മുക്കി. പിടഞ്ഞു പിടഞ്ഞു ആ കുഞ്ഞു മരിച്ചു.
അവളുടെ ജീവൻ പോവും മുന്നേ ആരൊക്കെയോ വരുന്നത് കണ്ടു അയാൾ അടവ് മാറ്റി
നിലവിളിച്ചു കൊണ്ട് അയാൾ കുഞ്ഞിനെ എടുത്തു തോളിലിട്ടു. അവൾ കുഞ്ഞിനെ കൊന്നു എന്നാക്കിതീർത്തു.
"അവൾ എന്താ അതിനെ പിന്നീട് എതിർക്കാഞ്ഞത്"
ഞാനും ചോദിച്ചു അവളോട് 'ആ വീടിനെക്കാൾ ഭേദം ജയിൽ ആണെന്നായിരുന്നു' മറുപടി
"അവളെ ഞാൻ കാണാറുണ്ടല്ലോ മുൻപൊക്കെ കടപ്പുറത്തെ ആ മണ്ഡപത്തിൽ"
അവൾക്ക് കുറച്ചു നാൾ പരോൾ കിട്ടിയിരുന്നു.അവളുടെ അമ്മുവിനെ ആ മണ്ഡപതിനു മുന്നിലെ തീരത്താണ് അടക്കം ചെയ്തത്.രാവിലെ യും വൈകീട്ടും അവൾക്കിവിടെ വരണം.
ഇരുട്ടായാൽ ഞാൻ വന്നു കൂട്ടി വീട്ടിൽ കൊണ്ടു ചെന്നാക്കും.
"അപ്പൊ അവളുടെ ഭർത്താവ്?"
"ഗുണ്ടയല്ലേ...ആരുടെയോ കത്തിപിടിക്ക് തീർന്നു.മൂന്ന് വർഷമായി."
ഉള്ളൊന്നു സന്തോഷിച്ചോ തന്റെ...
"എനിക്ക് ഡ്യൂട്ടിക്ക് കയറാൻ സമയമായി സാറേ.പോട്ടെ" അതും പറഞ്ഞു ജിത്തു പോവാൻ തുടങ്ങി
"ജിത്തു..ഒരു കാര്യം കൂടി,"
"എന്താ?
"ഇപ്പൊ മാളു???
"ഇനി ഒരാഴ്ച കൂടി ഉണ്ട്.അതു കഴിഞ്ഞാൽ അവൾ വരും."
"അപ്പൊ ഇനി അവൾക്ക്? നിനക്ക് അവളെ സ്വീകരിച്ചു കൂടെ"
ഞാൻ അവളുടെ ഏറ്റവും നല്ല കൂട്ടുകാരനാണ്, കാമുകൻ അല്ല.ചങ്ങാതിയൊരിക്കലും കാമുകനോ ഭാർത്താവോ ആവില്ല. അങ്ങനെ ആകുന്നെങ്കിൽ അവൻ ഒരു നല്ല കൂട്ടുകാരൻ ആയിട്ടുണ്ടാവില്ല....
ഒരു ചിരിയോടെ അവൻ പറഞ്ഞു നിർത്തി
അപ്പൊ ഇനി ഒരാഴ്ച അതു കഴിഞ്ഞാൽ തനിക്ക് അവളെ വീണ്ടും കാണാം.അവൾ മിണ്ടുമോ തന്നോട് .....??
ഇന്നാണ് അവൾ വരുന്നത്. താനിന്നു കൂടുതൽ ധൃതി കൂട്ടുന്നുണ്ടോ.അവൻ കണ്ണാടിയുടെ മുന്നിൽ നിന്നും സ്വയം ചോദിച്ചു.
വിനോദ് ശങ്കർ എന്ന ഡോക്ടർക്ക് പ്രണയമോ.
ഡിവോഴ്സ് ചെയ്തു ഗീത പടിയിറങ്ങിയിട്ടു 8 വർഷം.ഭാര്യയായി കുഞ്ഞുങ്ങളെയും നോക്കി ജോലിക്കും പോയി ഭർത്താവ് കുടുംബം എന്നൊരു സങ്കല്പത്തിൽ ജീവിക്കാൻ വയ്യ പോലും.
അവളുടെ ഫ്രീഡം ഞാനും അമ്മയും ഇല്ലാതാക്കിയത്രെ.
കുഞ്ഞുങ്ങൾ അവൾ ആഗ്രഹിക്കുമ്പോൾ മതിയെന്ന്.
ഒടുവിൽ മ്യൂച്ചൽ ഡിവോഴ്സ് അവൾ ആഗ്രഹിച്ചപ്പോലെ. അങ്ങനെ ഒറ്റപ്പെടലിന്റെ തുരുത്തിലേക്ക് വലിച്ചെറിയപ്പെട്ടു.
വർഷങ്ങൾക്ക് ശേഷം ഇന്ന് ഒരാൾക്ക് വേണ്ടി തന്റെ മനസ്സ് സങ്കൽപ്പങ്ങൾ നെയ്യുന്നു
അയാൾ ഊഹിച്ചത് പോലെ അവൾ ഉണ്ടായിരുന്നു ആ കൽമണ്ഡപത്തിൽ.
പുളിയിലക്കര മുണ്ടിൽ. മുടി അഴിഞ്ഞിട്ടുണ്ടായിരുന്നു. കണ്ണിൽ
തിരിച്ചറിയാനാവാത്ത ഭാവം. തന്റെ സാമീപ്യം അറിഞ്ഞതെ ഇല്ല.
അടുത്തു പോയി ഇരുന്നു.
"മാളു" തന്റെ വിളി ഞെട്ടലായിരുന്നു അവളിൽ ഉണ്ടാക്കിയത്.
പിടഞ്ഞെണീറ്റ് അവൾ വേഗം നടന്നു നീങ്ങി.
പിന്നാലെ പോവാൻ തോന്നിയെങ്കിലും അവൾക്കൊരു ബുദ്ധിമുട്ട് ഉണ്ടാക്കാൻ തോന്നിയില്ല.
അവൾ ജിത്തുവിന്റെ അടുത്തേക്കാണ് പോയത് എന്നു തോന്നി
ശരിയായിരുന്നു,അവൾ അവൻ വരുന്നതും കാത്ത് നിൽക്കുന്നുണ്ടായിരുന്നു.
തന്നെ കണ്ടതും അവൾ തിരിഞ്ഞു നിന്നു
"സാറെപ്പോൾ വന്നു."ജിത്തു കുശലം ചോദിച്ചു അടുത്തു വന്നു.
മാളു .....ഇതു വിനോദ് ഡോക്ടർ.എന്റെ ചങ്ങാതിയാ. അതും പറഞ്ഞു ജിത്തു തന്നെ നോക്കി.ആ നോട്ടത്തിൽ എന്തൊക്കെയോ അർത്ഥങ്ങൾ ഉള്ളതു പോലെ.
ഞാൻ മാളുവിനെ നോക്കി ചിരിച്ചു.അവളുടെ മുഖത്തെ അപരിചിത ഭാവം മാറിയില്ല.
"ഡോക്ടർക്ക് തിരക്കുണ്ടോ? ഞാൻ ഇവളെ.വീട്ടിൽ ആക്കി വരാം."
"ജിത്തു പോയിട്ട് വാ ഞാൻ ഇവിടെ ഉണ്ടാകും"
പതിനഞ്ചു മിനുട്ട് കൊണ്ട് അവൻ എത്തി
അവൻ എന്റെ കൂടെ നടക്കാൻ കൂടി.
"സാറിനു എന്റെ മാളുവിനെ കൊണ്ടു പൊയ്ക്കൂടെ"അവന്റെ അപ്രതീക്ഷിത ചോദ്യം എന്നെ ഒരു നിമിഷത്തേക്ക് സ്തബ്ധനാക്കി.
"എനിക്കറിയാം ഡോക്ടർക് മാളുവിനെ ഇഷ്ടമാണെന്ന്.
അവളെ മാറ്റിയെടുക്കാൻ ഡോക്ടർക്കെ കഴിയൂ"
എന്നോട് ക്ഷമിക്കണം പറഞ്ഞത് അവിവേകമാണെകിൽ. വയ്യ ഡോക്ടറെ അവളെ, മാളുവിനെ ഈ ഒരു അവസ്ഥയിൽ, അവളുടെ മൗനം ഞങ്ങളെ വല്ലാതെ പേടിപ്പിക്കുകയാ, അവളെ നഷ്ടപെടരുത് ഞങ്ങൾക്ക്"
അവൻ കൊച്ചുകുഞ്ഞിനെ പോലെ പൊട്ടിക്കരഞ്ഞു.
"ജിത്തു, ഞാൻ നാളെ മാളുവിന്റെ വീട്ടിൽ വരാം" ബാക്കി അവിടെ വെച്ചു പറയാം.
പിറ്റേന്ന്
മുറ്റത്തു കാർ നിർത്തുമ്പോഴേ കണ്ടു ആകാംഷയോടെ തന്നെ കാത്തു നിൽക്കുന്ന ആ വീട്ടുകാരെ.
തന്റെ മറുപടിക്ക് ഒരുപക്ഷേ അവർക്ക് നഷ്ടപെട്ട പലതും തിരിച്ചു കിട്ടലാവും.
തനിക്കും അങ്ങനെ ആണല്ലോ.
രവിയേട്ടൻ ഓടി വന്നു സ്വീകരിച്ചു.ജിത്തു ദേവകി ടീച്ചറോട് എന്തോ വിളിച്ചു പറഞ്ഞിട്ട് ഓടി കാറിന്റെ അടുത്തു വന്നു.
"വാ ഡോക്ടറെ" ജിത്തുവിന്റെ ആ വിളിയിൽ അവന്റെ സന്തോഷം അറിയാമായിരുന്നു.
"മോൻ വാ" രവിയേട്ടൻ കൈ പിടിച്ചു വീട്ടിലേക്ക് കയറി
കണ്ണുകൾ തിരഞ്ഞത് അവളെ ആയിരുന്നു.പക്ഷേ അതു വെറുതെ ആയി.
"മോനെ, എന്റെ മോള് അവൾ ,അവളെ ഞങ്ങൾക്ക് നഷ്ടപ്പെടാൻ വയ്യ മോനെ. കിലുക്കാംപെട്ടിയെ പോലെ ഈ വീടാകെ ഓടി നടന്നവളാ ഇപ്പൊ ജീവച്ഛവം പോലെ മുറിക്കുള്ളിൽ കഴിയുന്നത്.ഒന്നു മിണ്ടിയിട്ടു, ഒന്നു ഉള്ളു പൊട്ടി കരഞ്ഞിട്ടു മാസങ്ങൾ ആയി. " കൊച്ചു കുഞ്ഞിനെ പോലെ ആ അച്ഛൻ എന്റെ മുന്നിൽ ഇരുന്നു കരയുകയായിരുന്നു.
"നമ്മുക്ക് മാളുവിനെ ഒരു സൈക്യാട്രിസ്റ്റിനെ കാണിക്കാം.
എന്റെ ഒരു ഫ്രണ്ട് ഉണ്ട്.അവരുടെ അഭിപ്രായം അറിയാലോ."
എന്റെ വാക്കുകൾ അവർക്ക് ആശ്വാസം
കൊടുത്തു എന്നു തോന്നി
മാളുവിനെ കാണാൻ അകത്തേക്ക് വിളിച്ചു അമ്മ.
ഞാൻ ചെല്ലുമ്പോൾ എഴുത്തു മേശയിൽ തലവെച്ചു കിടക്കുകയായിരുന്നു. ഒരു പേപ്പറിൽ നിറയെ അമ്മു അമ്മു എന്ന് എഴുതി വെച്ചിരിക്കുന്നു.
മാളു എന്നു വിളിച്ചപ്പോൾ അതേ ഞെട്ടലും പിന്നെ മുഖം തിരിഞ്ഞു നിൽക്കലും.
കുറച്ചു നേരം കൂടെ അവിടെ ആ കുടുംബത്തോടൊപ്പം ചിലവഴിച്ചു.
ഇറങ്ങുമ്പോൾ മനസ്സിൽ കുറെ തീരുമാനങ്ങൾ ഉണ്ടായിരുന്നു.
നേരെ പോയത് ഹോസ്പിറ്റലിലേക്കായിരുന്നു.
ഡോക്ടർ രേഷ്മയെ തിരഞ്ഞു.
ഡോക്ടറുടെ റൂമിൽ ഉണ്ടെന്ന്
നഴ്‌സ് സിന്ധു പറഞ്ഞു. ചെല്ലുമ്പോൾ ഡോക്ടർ പോവാൻ നോക്കുന്നു.
"മേ ഐ കം ഇൻ"
"ഇതാര് വിനുവോ, താൻ ലീവെടുത്തു
എങ്ങോട്ടേക്കാ മുങ്ങിയത്?" ഡോക്ടർ കുശലം തുടങ്ങി
അതിനുള്ള മാനസികാവസ്ഥയിൽ അല്ലാലോ താൻ.
"രേഷ്‌മ, എനിക്ക് തന്റെ ഒരു ഹെല്പ് വേണം"
ഒറ്റ ശ്വാസത്തിൽ ഇത്ര നാളും തന്റെ കണ്മുന്നിലും,പിന്നെ മാളുവിന്റെ ജീവിതത്തിലും നടന്നത് പറഞ്ഞു തീർത്തു.
"ഇനി ഞാൻ എന്ത് ചെയ്യണം, എനിക്ക് ആ പഴയ മാളുവിനെ വേണം, അത്രയ്ക്ക് ഞാൻ ഇപ്പൊ അവളെ സ്നേഹിക്കുന്നു. "
"വിനു നാളെ ഞാനും വരാം മാളുവിനെ കാണാൻ. എന്നിട്ട് നമ്മുക്ക് തീരുമാനിക്കാം."
ആ വാക്കുകൾ എന്റെ ഉള്ളിൽ നിറച്ചത് ഒരു വലിയ പ്രതീക്ഷയുടെ വെളിച്ചമായിരുന്നു.
ഡോക്ടർ പറഞ്ഞതു പോലെ ആയിരുന്നു പിന്നീടുള്ള ഓരോ കാര്യങ്ങളും.
അവളെയും കൂട്ടി ഞാൻ എന്റെ തറവാട്ടിലേക്ക് പോയി. കൂടെ ചികിത്സയും.
രേഷ്മ എന്നെയായിരുന്നു മാളുവിന്റെ ഡോക്ടർ ആക്കിയത്.അവൾക്കുള്ള നല്ല കൂട്ടായി മാറുക.
പതിയെ പതിയെ മാളു എന്റെ നിഴൽ പോലെ കൊച്ചു കുഞ്ഞിനെ പോലെ എന്റെ പിന്നാലെ വരാൻ തുടങ്ങി. ഞങ്ങൾ പോലും അറിയാതെ പരസ്പരം താങ്ങും തണലും ആവുകയായിരുന്നു.
ഒരുദിവസം ഞാൻ ചോദിച്ചു അവളോട്‌ എന്റെ ഭാര്യ ആയിക്കൂടെ എന്നു. ഒന്നും പറയാതെ അവൾ തലതാഴ്ത്തി ഇരുന്നു.
പ്രതീക്ഷയറ്റവനെ പോലെ ഞാനും.
പിറ്റേന്ന് രാവിലെ കണ്ണ് തുറന്നപ്പോൾ കണ്ടത് കുളിച്ചു പുളിയിലക്കര മുണ്ടും ഉടുത്ത്
കണ്ണിൽ മഷിയെഴുതിയ മാളുവിനെ ആയിരുന്നു.
അവൾ എന്റെ നല്ല പാതിയായിട്ടു ഇന്നേക്ക് രണ്ട് വർഷം.
ഇന്ന് ഞങ്ങളുടെ അമ്മുവിന്റെ
ഒന്നാം പിറന്നാൾ ... ഞങ്ങളുടെ കുഞ്ഞുമാലാഖ.
കറുത്ത കാർമേഘം മറച്ച എന്റെ മാളുവിന്റെ മനസ്സ് ഇന്ന് വർണ്ണങ്ങൾ നിറഞ്ഞതാണ്. ആയിരം നോവിന്റെ കടൽതാണ്ടി അവൾ ഞങ്ങളിലേക്ക് തിരിച്ചു വന്നിരിക്കുന്നു. അച്ഛന്റെയും അമ്മയുടെയും കിലുക്കാംപെട്ടിയായി ജിത്തുവിന്റെ കൂട്ടുകാരിയായി
എന്റെ എല്ലാമെല്ലാമായി....

സിനി ശ്രീജിത്ത്‌ ...

വാടകക്കൊലയാളി
******************

പാതിരാവിൽ കിതപ്പോടെ ഓടി വന്ന അവൻ എബിയുടെ കട്ടിലിലേക്ക് വീഴുകയായിരുന്നു.

"എന്തായി, നടന്നോ...കാര്യം"

"മ്മ്"

ഒരു മൂളൽ കൊണ്ടു അവനു മറുപടി നൽകി അവൻ ബാത്റൂമിലേക്ക് കയറി.

മുഖം കഴുകുമ്പോൾ ആയിരുന്നു ആ രൂപം മുന്നിലേക്ക് വന്നത്..

"കൊന്നോ"?

"കൊന്നു"

"ശത്രുവായിരുന്നോ"?

"അല്ല"

"കണ്ടു പരിചയം"???

"ഇല്ല"

"എന്തായിരുന്നു ലക്ഷ്യം"

"കഴുത്തറക്കണം"

"കിട്ടിയതോ"

"പങ്കു വെച്ചു ബാക്കിയായപ്പോൾ
പത്തായിരം രൂപ"

"ഇനി എന്താ പരിപാടി"

"ഒളിവിൽ പോവണം"

"എന്നിട്ടു ?"

"ജീവിക്കണം"

"സമാധാനം ഉണ്ടോ? സ്വാതന്ത്ര്യം ഉണ്ടോ
എന്തെങ്കിലും നേടിയോ"

"ഇല്ല"

"എത്ര നഷ്ടങ്ങൾ എന്നു നോക്കിയോ
രണ്ടു കുടുംബങ്ങൾ,മക്കൾ,അച്ഛൻ 'അമ്മ,ഭാര്യ,കൂടപ്പിറപ്പ്. ഇരുട്ടിലായ ജീവിതങ്ങൾ മാത്രം ബാക്കി.

പത്തായിരം രൂപയ്ക്ക് നഷ്ടങ്ങളെ തിരിച്ചു പിടിക്കാൻ ആവുമെങ്കിൽ നിനക്ക് പോവാം ഏത് ഒളിത്താവളത്തിലേക്കും.
ഇല്ലെങ്കിൽ എല്ലാം ഇവിടെ നിർത്തി തെറ്റിനുള്ള ശിക്ഷ ഏറ്റുവാങ്ങി പുതിയൊരു ജീവിതം തുടങ്ങാം.."

"നിങ്ങൾ, നിങ്ങൾ ആരാണ്?"

"ഞാൻ നിന്റെ മനസ്സാക്ഷി...നിന്റെ തെറ്റുകളുടെ മൂകസാക്ഷി...
ഇനിയും വയ്യ നിന്റെ തെറ്റുകളെ
പേറി നടക്കാൻ"

ആ ഇരുളിലേക്കുള്ള അവന്റെ യാത്ര എന്തൊക്കെയോ തീരുമാനിച്ചായിരുന്നു. കാതിൽ ആ വാക്കുകളും കണ്ണിൽ
സ്വന്തം കുഞ്ഞിന്റെ രൂപവുമായിരുന്നു അപ്പോൾ...

 സിനി ശ്രീജിത്ത്‌

പ്രേയസി
*********
മഴ പെയ്തു തോര്‍ന്ന പ്രഭാതമായിരുന്നു അന്ന്...മുറ്റത്തിനും ചെടികള്‍ക്കും മരത്തിനും കുളി കഴിഞ്ഞു ഈറനായി നില്‍ക്കുന്ന പെണ്‍കൊടിയുടെ പ്രതീതി...

ജനാലയില്‍ കൂടി കാഴ്ച കണ്ടു നില്‍ക്കാന്‍ നല്ല സുഖം..നനഞ്ഞ ജനല്‍ കമ്പികളില്‍ മുഖം ചേര്‍ത്ത് വെച്ച് കുറച്ചു നേരം നിന്നു...

കോലായിലെ ചാരുബെഞ്ചില്‍ കാല്‍ കയറ്റി വെച്ച് ആ ഇളം തണുപ്പ് ആസ്വദിചിരിക്കാൻ പ്രത്യേക സുഖമാണ്.

വീട്ടില്‍ ആരും എഴുന്നേറ്റിട്ടില്ല...എന്നും രാവിലെ അമ്മയുടെ മനൂ എഴുനെല്‍ക്കാറായില്ലേ എന്ന വിളി കേട്ടാലെ ഉറക്കമുണരാറുള്ളൂ ....പക്ഷെ ഇന്ന് ...ഇന്ന് അങ്ങനെ ആയാല്‍ ശരിയാവില്ല...ഇന്ന് കിടന്നാല്‍ എന്‍റെ പെണ്ണ് എന്നെ ശരിയാക്കും...അവള്‍..എന്‍റെ അച്ചു.....ഇന്ന് അവള്‍ക്കുള്ള ദിവസമാണ്...ഓര്‍മ്മകള്‍ ഇളം കാറ്റിനൊപ്പം പുറകിലേക്ക് ഓടി തുടങ്ങി...

ഏതൊരാണിനെയും പോലെ പ്രണയം തലയ്ക്കു പിടിച്ചു നടന്ന കാലം..സ്നേഹിച്ച പെണ്ണിനെ മാത്രമേ കല്ല്യാണം കഴിക്കൂ എന്ന് പറഞ്ഞു മസില്‍ പിടിച്ചു നടന്ന കോളേജ് കാലം..

പ്രണയത്തിന്‍റെ കൂടെ അല്‍പ്പം രാഷ്ട്രീയവും ചേര്‍ന്നപ്പോള്‍ ജോലി കൂലി എന്നത് കിട്ടാകനിയായി.. വീട്ടില്‍ അച്ഛന്‍ യുദ്ധം പ്രഖ്യാപിച്ചു.. ഒന്നുകിൽ പ്രേമം ഇല്ലെങ്കിൽ പഠിത്തം. പിന്മാറാൻ ഒരുക്കമല്ലായിരുന്നു.

അച്ചൂന്റെ വീട്ടില്‍ പത്തൊന്‍പത് വയസ്സുകാരി അച്ചു പുര നിറഞ്ഞു നില്‍ക്കുന്നു എന്നാ രീതിയല്‍ കല്യാണലോചന തകൃതിയായി...

ചോരത്തിളപ്പില്‍ ചിന്താശക്തി എന്നതിന് സ്ഥാനമില്ലാതായി..
അന്ന് വൈകീട്ടു കോളേജ് വിട്ടു വരുമ്പോള്‍ അച്ചൂനോട് ചോദിച്ചു... വീട്ടില്‍ വന്നു വിളിച്ചാല്‍ ഇറങ്ങി വരുമോ എന്ന്..

എന്‍റെ പൊട്ടിക്കാളി തലയാട്ടുക മാത്രം ചെയ്തു...വെറുമൊരു പാവമായിരുന്നു അത്.. സ്നേഹിക്കാന്‍ മാത്രം അറിയുന്നവള്‍.. അന്ന് എന്‍റെ കൂടെ പോന്നതാ... പട്ടിണിയിലേക്കാ ഞാന്‍ അതിനെ കൊണ്ട് വന്നത്..പക്ഷെ ഒരു പരാതിയോ പരിഭവമോ ഇല്ലാതെ എനിക്ക് താങ്ങായി അവള്‍ മാറി.

നേരെ അവളുടെ കയ്യും പിടിച്ചു കൊണ്ട് വന്നത് തറവാട്ടു വീട്ടിലേക്ക്‌, മുത്തശ്ശിയുടെ അടുത്തേക്ക്... പിന്നെ പതിയെ എന്‍റെ അച്ഛനും അമ്മയും അവളെ സ്വന്തം മോളായി നെഞ്ചേറ്റുകയായിരുന്നു.

രണ്ടു മാസം കഴിഞ്ഞു ഒരു ദിവസം വീട്ടിലെത്തിയപ്പോള്‍ പെണ്ണിന് ഇത്തിരി നാണം.

“എന്തേ അച്ചൂസേ നിനക്കൊരു കള്ള ചിരി..”

“ഒന്നൂല്ല മനുഏട്ടാ..”അവള്‍ ഒരു ചമ്മലോടെ അകത്ത് പോയി..

“എന്നാലും പറയ്” ഞാന്‍ പിന്നാലെ കൂടി..

“അത് പിന്നെ ലക്ഷ്മിയേച്ചിയും ഞാനും ഇന്ന് ഡോക്ടറെ പോയി കണ്ടു..”

“എന്തിന്..?? ലക്ഷ്മിയേച്ചിക്ക് വയ്യേ...”

“യ്യോ...ചേച്ചിക്കല്ലാ...എനിക്കാ...” അവള്‍ ചിണുങ്ങി..

"നിനക്കെന്താ പറ്റിയേ..പനിയോന്നുമില്ലലോ"..അവളുടെ നെറ്റിയില്‍ തൊട്ടു നോക്കി...

“പനിയല്ലാ..ഇവിടെയാ അസുഖം അവള്‍ എന്‍റെ കൈ മെല്ലെ അവളുടെ വയറ്റില്‍ ചേര്‍ത്തു....

“ആണോ.. സത്യാണോടാ പറയുന്നേ..അപ്പോ നമ്മുടെ ലിറ്റില്‍ പ്രിന്‍സെസ്സ് വരുന്നു അല്ലേ....” 

കെട്ടിപിടിച്ചു അവളെ ഉമ്മ വെച്ച് ഞാന്‍ അന്ന് അവളെ വീര്‍പ്പു മുട്ടിച്ചു എന്ന് അവള്‍ പറഞ്ഞു കളിയാക്കും എപ്പോഴും...

പക്ഷെ ആ സന്തോഷം ഏറെ നിന്നില്ലാ...എട്ട് മാസം ആയപ്പോഴേക്കും അവള്‍ ആകെ തളര്‍ന്നു...

ഒരു ദിവസം ഡോക്ടറെ കാണാന്‍ പോയി..കാറില്‍ തിരിച്ചു വരാമെന്ന് പറഞ്ഞിട്ടും അവള്‍ സമ്മതിച്ചില്ല...അതിനു വേണ്ടിയും കടം വാങ്ങണ്ട എന്ന വാശി.

ബസ്സില്‍ കയറി സീറ്റിലേക്ക് ഇരുന്നപ്പോഴേക്കും അവള്‍ തളര്‍ന്നു...

“മനുഏട്ടാ എനിക്കൊന്ന് തല ചായ്ക്കണം..” 

മെല്ലെ അവളെ ചുമലിലേക്ക് ചായ്ച്ചു കിടത്തി..

അവളുടെ വയ്യയ്മയോക്കെ കണ്ടു നെഞ്ചുരുകുന്നെങ്കിലും കണ്ണീരടക്കി ഇരുന്നു..

ബസ്സിറങ്ങി വീട്ടിലേക്കു അവളെയും ചേര്‍ത്ത് പിടിച്ചു മെല്ലെ നടന്നു.

“ഏട്ടാ, ഇനി വയ്യാട്ടോ...ഞാന്‍ വീഴും..”

"ശരി...പോട്ടെ സാരമില്ല..ഞാന്‍ എടുക്കാം എന്‍റെ പെണ്ണിനെ..എന്തേ??

അവളുടെ ചുണ്ടില്‍ ക്ഷീണം നിറഞ്ഞ ഒരു ചിരി തെളിഞ്ഞു..

സ്റ്റെപ്പ് കയറി വീട്ടില്‍ എത്തി മെല്ലെ അവളെ ബെഡില്‍ കിടത്തി അടുകളയിലേക്ക് ഓടി..വെള്ളം എടുക്കാന്‍..

“അച്ചൂ..നീ ഒന്ന് കിടക്കു..ഞാന്‍ ലക്ഷ്മിയേച്ചിയെ വിളിക്കട്ടെ..”

പറയുമ്പോഴേക്കും ചേച്ചി എത്തി..

“എന്താ മനൂ, അച്ചൂന് വയ്യാത്ത പോലെ..”

അറിയില്ല ചേച്ചി..ഡോക്ടര്‍ പറഞ്ഞു കുഴപ്പമില്ല എന്ന്..പക്ഷെ അവള്‍ക്കു തീരെ വയ്യാത്ത പോലെ..

“അത് ഉണ്ടാവും, ഇങ്ങെത്തിയില്ലേ ഡേറ്റ്, അതാവും...എന്‍റെ വെപ്രാളം കണ്ടിട്ടാവാം ചേച്ചി സമാധാനിപ്പിച്ചു..

ഒരു ദിവസം രാത്രി കിടകുമ്പോള്‍ അവള്‍ ഒരാഗ്രഹം പറഞ്ഞു 

“എനിക്കൊരു വെള്ള മാക്സി വേണം, പച്ച നിറത്തില്‍ കുഞ്ഞു ഇലകള്‍ വേണം.. ആ കഥയിലെ പോലെ ”

ഏതു കഥയിലെ ?

മാധവിക്കുട്ടിയുടെ കഥയിലെ ആ ചേച്ചി
പച്ച സാരി വേണമെന്ന് പറയുന്നുണ്ട് അതില്‍.
അത് പോലെ എനിക്കും ഒരു വെള്ള മാക്സി”

ഏറെ കുഞ്ഞായോ എന്ന് തോന്നിപോവും ചില നേരം പെണ്ണിന്റെ കളി കണ്ടാല്‍ ..

എന്‍റെ അച്ചൂസേ, നാട്ടപാതിരായ്ക്ക് നീ ഓരോന്നും പറഞ്ഞു ടെന്‍ഷന്‍ ആക്കല്ലേ പെണ്ണെ...”

വേണം ഏട്ടാ...അത് തന്നെ വേണം...

ശരി നോക്കാം...ഇപ്പൊ എന്‍റെ പെണ്ണ് ഉറങ്ങു...

അവളെ നെഞ്ചോട്‌ ചേര്‍ത്ത് കിടക്കുമ്പോള്‍ പേരറിയാത്ത ഒരാധി മനസ്സില്‍ പിടി മുറുക്കുകയായിരുന്നു...

അഞ്ചാറ് കടകളില്‍ കയറി ഇറങ്ങി പിറ്റേന്ന് തന്നെ അത് പോലെ ഒരെണ്ണം എത്തിച്ചു കൊടുത്തു..

അന്ന് ഉച്ച ആയപോഴേക്കും അവളെ അഡ്മിറ്റ്‌ ആക്കി...

പതിവില്ലാതെ അന്ന് അവള്‍ വാതോരാതെ സംസാരിച്ചു കൊണ്ടേ ഇരുന്നു...

മാക്സി എടുത്തു കൊടുത്തപോള്‍ അവള്‍ പറഞ്ഞു..

“കുഞ്ഞു വാവയും കൂടി വന്നിട്ട് ഞങ്ങള്‍ രണ്ടാളും പുതു വസ്ത്രം ഇടുമെന്ന്...

പക്ഷെ തിരിച്ചു വന്നത് കുഞ്ഞാവ മാത്രം..

സന്തോഷമോ, എന്നോടുള്ള അമിത സ്നേഹമോ, അവളുടെ രക്തസമ്മര്‍ദ്ധം അവളുടെ ഹൃദയത്തെ കവര്‍ന്നെടുത്തു...

ആ വെള്ള മാക്സി എന്‍റെ കൈയ്യില്‍ അവളെയും കാത്തു കിടന്നിരുന്നു..പക്ഷെ...

കുളിച്ചു സുന്ദരിയായി സിന്ദൂര പൊട്ടും തൊട്ടു സുമംഗലിയായി അവളുറങ്ങി ...ആ വെള്ള മാക്സിയില്‍..

അച്ചൂസേ ഞാനെതിനാടാ ഇനി ഇങ്ങനെ..ജീവിതം തന്നതും ജീവിക്കാന്‍ പഠിപ്പിച്ചതും നീയല്ലേ പെണ്ണേ...എന്നിട്ടും...

“മനൂ...മോള് മുറ്റത്താണേ..ശ്രദ്ധിക്കണേ”അമ്മയുടെ വിളി ഓര്‍മ്മകളെ മുറിച്ചു...

മുറ്റത്ത് മോള് മുല്ലപൂക്കള്‍ പെറുക്കുന്നു...

അവളുടെ അമ്മ ഉറങ്ങുന്ന സ്ഥലത്ത് മുല്ല പടര്‍പ്പായിരുന്നു..
മുല്ല പൂക്കള്‍ നിറയെ വീണു കിടക്കുന്നു...നാല് വര്‍ഷം കൊണ്ട് അവിടെ പച്ച പുല്ലുകള്‍ മെത്ത പോലെയായി..
‘വെള്ളയില്‍ പച്ച നിറവുമായി അവളുടെ മാക്സി പോലെ..


സിനി ശ്രീജിത്ത്‌ 
നോവാര്‍ന്ന ചിറകുകള്‍
**************************

ഇന്നലെ ഒരു ചിത്രശലഭത്തെ കണ്ടു.എന്നുമെൻ ഇതളുകളെ തൊട്ടു തലോടി പോയിട്ടേ ഉള്ളൂ അവൾ.മണമില്ലാത്ത കാട്ടുപൂവിനോട് ഇഷ്ടമില്ലാഞ്ഞിട്ടാവും എന്നോർത്തു അവളെ ഞാനും എന്റെ ഇതൾ വീശി വിളിച്ചതില്ല.

ഇന്നലെ അവൾ എന്റെ ഇതളുകളിൽ തല ചായ്ച്ചു കിടന്നു ഏറെനേരം..
അവളുടെ കണ്ണിൽ കണ്ണീർ ഒരു മഞ്ഞു തുള്ളിപോലെ തോന്നിച്ചു.

ചിരിയുടെ പിന്നിലെ നോവുകൾ അവൾ പൂമ്പൊടിപോലെ എന്നിൽ കുടഞ്ഞിട്ടപ്പോൾ എന്റെ ഇതളുകളാൽ അവളെ ഞാൻ ചേർത്തു പിടിച്ചു.

നോവ്‌ മറക്കാൻ പാറിപറന്നവൾ ആ പൂന്തോട്ടമാകെ .... എല്ലാം നഷ്ടമായിട്ടും ഇന്നവളെ പ്രണയിക്കുമാ പൊൻശലഭത്തിനായി അവൾ സ്വപ്നങ്ങൾ നെയ്യുന്നു..

എന്റെ ചിത്രശലഭമേ നീ പറന്നുയരുക... നിന്റെ നോവുകൾ ചിരിപ്പൂവുകൾ ആകുവാൻ വിരിയട്ടെ പൂക്കാലങ്ങൾ ഓരോന്നായി...
പ്രവാസിയുടെ ഭാര്യ
** ** ** ** ** ** ** **

ഞാൻ കണ്ട ആദ്യത്തെ പ്രവാസിയുടെ ഭാര്യ എന്റെ അമ്മയായിരുന്നു.

പത്തൊൻപത് വയസ്സിൽ തന്നെ ഭാര്യയായി. 29 വയസ്സിനുള്ളിൽ മൂന്ന് പെണ്കുട്ടികളുടെ അമ്മയായി. 

രണ്ടാമത്തെ കുഞ്ഞായപ്പോൾ മുതൽ കുടുംബം നോക്കലും എല്ലാം അമ്മയുടെ ചുമലിൽ ആയി. മാസം പൈസ അയക്കുന്നതിൽ നിന്നും എത്ര എവിടെ എങ്ങനെ ചിലവാക്കണം എന്നു ഒരു പെന്നും പേപ്പറും എടുത്തു അമ്മ കണക്കു കൂട്ടുന്നുണ്ടാവും. അന്ന് അതൊരു കൗതുകം ആയിരുന്നു.

അച്ഛൻ വീട് വാങ്ങിച്ചപ്പോൾ മൂന്ന് മക്കളെയും കൊണ്ടു അവിടേക്ക് ആയി അമ്മ. രണ്ടു വർഷം കൂടിയായിരുന്നു അച്ഛന്റെ വരവ്. ജീവിതത്തിലെ ചിലവേറിയപ്പോഴും അച്ഛനെ ചിലവിന്റെ കാര്യം പറഞ്ഞു അമ്മ ബുദ്ധിമുട്ടിച്ചില്ല. ആവശ്യങ്ങൾ 
അറിയിച്ചുമില്ല.


മൂന്നാളുടെ ആവശ്യങ്ങൾ എന്തെന്ന് അച്ഛനും അറിയാതായി. അതു കൊണ്ടു തന്നെ ബാക്കി ഉള്ളത് അച്ഛൻ അവിടെ സൂക്ഷിച്ചു.

കണ്ടിട്ടുണ്ട് അച്ഛൻ ചെക്ക് അയച്ചു കൊടുത്താൽ (അന്ന് atm ഇല്ലാലോ), ആ ചെക്കും കയ്യിൽ വെച്ചു ഈശ്വരാ ഞാൻ ഈ മാസം എന്തു ചെയ്യും എന്ന് കണ്ണിൽ വെള്ളം നിറച്ച് അമ്മ പറയുന്നത്. അച്ഛനോട് പറയ് എന്നു പറഞ്ഞാൽ വേണ്ട അച്ഛനെ ബുദ്ധിമുട്ടിക്കേണ്ട, അവിടെ പണിയൊക്കെ കുറവാണ് അതിനിടയിൽ നമ്മളായിട്ടു അച്ഛനെ ഓരോന്ന് പറഞ്ഞു ബുദ്ധിമുട്ടിക്കരുത് എന്നു പറയും.

അയക്കുന്ന പണം കൊണ്ട് ജീവിക്കണം, സമ്പാദിച്ചും കാണിക്കണം.പ്രവാസിയുടെ ഭാര്യയുടെ ഏറ്റവും വലിയ വെല്ലുവിളി.

ഇതൊക്കെ കണ്ടു മടുത്തു ഗൾഫ്കാരനെ വേണ്ട എന്നു പറഞ്ഞു നടന്ന എനിക്കും കിട്ടിയത് ഗൾഫ്കാരനെ തന്നെ.

പ്രവാസിയുടെ ദുഃഖങ്ങൾ ചർച്ച ചെയ്യുമ്പോഴും പ്രവാസി ആയതിനെ ഓരോരുത്തർ ശപിക്കുമ്പോഴും ആരും സ്വന്തം ഭാര്യമാരുടെ വിഷമങ്ങൾ കാണാറില്ല. അവളവിടെ സുഖിച്ചു കഴിയുകയല്ലേ എന്ന പല്ലവി എത്രയോ പേർ പറയാറുണ്ട്.

ഉത്തരവാദിത്തങ്ങൾ മുഴുവൻ ഒറ്റയടിക്ക് ചുമലിലേക്ക് വീഴുകയാണ് ഒരു പെണ്ണിന്.

മാസം എത്തുന്ന പൈസ കാത്തിരിക്കുന്നതിൽ തുടങ്ങുന്നു ജീവിതം.

സേവിങ്‌സ് നിർബന്ധമായും ഉണ്ടാവണം.വീട്ടിലെ എല്ലാരുടെയും ആവശ്യങ്ങൾ ചെയ്തു കൊടുക്കണം.കുടുംബത്തിലെ കല്യാണം, കുഞ്ഞിനെ കാണൽ, തുടങ്ങി സകല ആവശ്യവും ഇതിൽ തന്നെ, ചിലവ് വേറെയും. ആദ്യത്തെ 15 ദിവസം മനസ്സിൽ ടെന്ഷന് ആവും.കടവും, lic യും വീട്ടു ചിലവും കുറിയും എല്ലാം കഴിഞ്ഞാൽ ഒന്നു തലവേദനയക്ക് മരുന്ന് വാങ്ങാൻ മിച്ചം കിട്ടില്ല. 

പൈസ തികഞ്ഞില്ല എന്നെങ്ങാനും വിളിച്ചു പറഞ്ഞാൽ പൈസ എല്ലാം കലക്കി കുടിച്ചോ എന്ന ചോദ്യവും. എത്ര സങ്കടം വന്നാലും മക്കള് കാണാതെ തീർക്കാൻ പാട് പെടുന്ന കുറെ ജന്മങ്ങൾ ഉണ്ട് ഓരോ വീടിന്റെയും നാലു ചുമരുകൾക്കുള്ളിൽ.

അയച്ചു തരുന്നത് കൊണ്ടു രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാട് പെട്ടും, ജീവിതത്തിൽ ഒറ്റപ്പെട്ടും എത്രയോ ഭാര്യമാർ.. 

അതിലും ഭയങ്കരം മറ്റൊന്നാണ്... ഗൾഫ്കാരന്റെ ഭാര്യയല്ലേ, ഇവൾ എന്തായാലും ഇന്നല്ലെങ്കിൽ നാളെ വഴി തെറ്റും എന്നൊരു ധാരണയാണ് ചില മീശ വെച്ച ആൺകോലങ്ങൾക്ക്..

മക്കളുടെ ആവശ്യത്തിനും വീട്ടിലെ ആവശ്യത്തിനും രണ്ടു ദിവസം അടുപ്പിച്ചു പുറത്തിറങ്ങിയാൽ മതി മൂന്നാം ദിവസം അവൾ കറങ്ങുന്നവളും മറ്റും ആവാൻ.

സമൂഹത്തെ പേടിച്ചേ ഓരോ പ്രവാസിയുടെ ഭാര്യക്കും ജീവിക്കാൻ പറ്റൂ ഇന്നീ സമൂഹത്തിൽ

അവളുടെ പിന്നാലെയുണ്ട് കഴുകൻ കണ്ണുകളുമായി ചില ഭ്രാന്തന്മാർ..കൊത്തി വലിക്കാൻ..

ഇതൊക്കെ സഹിക്കുമ്പോഴും എന്നിട്ടും ഭർത്താക്കന്മാർ ചോദിക്കും നിനക്ക് എന്തിന്റെ കുറവാണ്.. മാസം പൈസ അയക്കുന്നില്ലേ ഞാൻ എന്നു.

നല്ല വാക്ക് പറയാൻ മറന്ന് പോവുന്ന എത്രയോ ഭർത്താക്കന്മാർ ഉണ്ട്...

പ്രവാസി ആയതിനെ ശപിക്കും മുൻപ് , നിങ്ങൾക്ക് വേണ്ടി ഒരു കുടുംബത്തിനെ നിങ്ങളുടെ സ്ഥാനത്ത് നിന്ന് നടത്തി കൊണ്ടു പോവുന്ന , മക്കളെ നല്ലവരായി വളർത്തി നിങ്ങളുടെ കൈകളിലേക്ക് തരുന്ന നിങ്ങളെ മാത്രം പ്രതീക്ഷിച്ചു ആ വരവും കാത്തു ഇരിക്കുന്ന സ്നേഹം മാത്രം പകരം പ്രതീക്ഷിച്ചു ഇരിക്കുന്ന ഒരു പെണ്മനസ്സും ഉണ്ട് ദൂരെ എന്നു ഒരു നിമിഷം ഓർക്കൂ...

സിനി ശ്രീജിത്ത്